
മലയാളികളുടെ പ്രിയ താരങ്ങൾ പെൺവേഷത്തിലെത്തിയ വീഡിയോ സൈബർ ലോകത്ത് വൈറലായിരിക്കുകയാണ്. കാസർകോട് സ്വദേശിയായ ദീപേഷ് എഐ(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ വീഡിയോയാണ് പ്രചരിക്കുന്നത്. ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ്, ബേസിൽ ജോസഫ്, മോഹൻലാൽ, കമൽഹാസൻ, വിക്രം, ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ, ദുൽഖർ സൽമാൻ, അല്ലു അർജുൻ തുടങ്ങിയ താരങ്ങൾ സ്ത്രീകളായിരുന്നെങ്കിൽ എങ്ങനെയെന്നത് വീഡിയോയിൽ കാണാം.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ രസകരമായ കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി. 'ഷാരൂഖ്- ഗൗരി ഖാനെ പോലെ ഉണ്ണി പൊളി ഒരു രക്ഷയും ഇല്ല. ഋത്വിക്- ദീപികയെ പോലെ', എന്നിങ്ങനെയാണ് കമന്റുകൾ. മോഹൻലാലിനെ കണ്ടപ്പോൾ ഹണി റോസിനെ ഓർമ്മവരുന്നു എന്ന് പറഞ്ഞവരുമുണ്ട്! എന്തായാലും പ്രിയ താരങ്ങളുടെ പെൺ വേഷങ്ങൾ കണ്ട് ആരാധകർ അമ്പരന്നിരിക്കുകയാണ്.
ലേസി ഡിസൈനർ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പബ്ലിഷ് ചെയ്തിരിക്കുന്നത്. ഐറ്റി മേഖലയിൽ ജോലി ചെയ്യുന്ന ആളാണ് ദീപേഷ്. നേരത്തെ മായാവി സിനിമ ആയാലുള്ള കാസ്റ്റിങ്ങിനെ സംബന്ധിച്ച എഐ ഫോട്ടോകൾ ദീപേഷ് ചെയ്തിരുന്നു. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തു. 'മോളിവുഡ് ബേബീസ്' എന്ന പേരിൽ ചെയ്ത എഐ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.











